ഒരു കൊലപാതകിയുടെ ഗദ്ഗദം

പാരമ്പര്യം നിലനിർത്താൻ കേശവേട്ടൻ കഷ്ടപ്പെട്ട് നടുവൊടിച്ചു ഉഴുതുമറിച്ച കണ്ടത്തിൽ നട്ടുവളർത്തിയ ചെമ്പാവരിനെല്ല് വാങ്ങി, സായിപ്പിന്റെ നാട്ടിലേക്ക് കയറ്റി അയച്ച ഹമീദിക്ക അറിഞ്ഞിരുന്നില്ല റിച്ചാർഡ് സായിപ്പ് ഈ അരി ഒരു തലതെറിച്ച കൊച്ചിനാണ്‌ വിറ്റതെന്ന്! വെറുതെ ആ അരി അടുപ്പേൽ വെച്ചപ്പോഴാണ്  തുമ്പപ്പൂ ചോറിന് മഞ്ഞൾ നീരാട്ട് നടത്തണം എന്ന മോഹമുദിച്ചത്! പിന്നെ ഒന്നും നോക്കിയില്ല. തക്കാളി മഞ്ഞളിൽ മുക്കി...'തക്കാളി കറി' എന്ന് പേരിട്ടു.

ഒക്കെ കഴിഞ്ഞു  ദാഹിച്ചു തൊണ്ടവരണ്ടപ്പോൾ, ഒരുതുള്ളി വെള്ളത്തിനായി  ഫ്രിഡ്ജ് തുറന്നപ്പോളാണ്, അതിനുള്ളിൽ ഇരുന്ന് എന്നെ നോക്കി ചിരിച്ച  പച്ചക്കായത്തോലിയെ ഞാൻ കണ്ടത്. ക്യാരറ്റ് പെണ്ണിനോട് പഞ്ചാരയടിച്ചു നിൽക്കവേ,  ഒരു സദാചാര കമ്മറ്റിയെ കണക്കെ രണ്ടിനെയും ഞാൻ അങ്ങ് പൊക്കി; കൈയോടെ തേങ്ങാമുത്തപ്പന്റെ സാന്നിധ്യത്തിൽ അവരെ ഞാൻ ഒന്നിപ്പിച്ചു. 

എന്റെ കോപ്രായങ്ങൾക്കെല്ലാം മൗനസാക്ഷിയായ പ്രതിപക്ഷ നേതാവ് ശ്രീ.ഉരുളക്കിഴങ്ങവർകൾ എനിക്കെതിരെ ക്യാപ്‌സിക്കം കമ്മീഷന് പരാതി നൽകും എന്നായപ്പോഴാണ് ഞാൻ ആ ക്രൂരകൃത്യം നിർവഹിച്ചത്, യുവർ ഓണർ! കുത്തി മലത്തി തിളയ്ക്കുന്ന എണ്ണയിൽ വഴറ്റിയെടുത്തു.

പിന്നീട് അവിടെ ചോരപ്പുഴ ഒഴുകുകയായിരുന്നു. എന്നോട് പ്രതികാരം ചെയ്യാനായി അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും മാരകായുധമായ മുള്ളും കൊണ്ട് ഇറങ്ങിയ, പവനായി അണ്ണന്റെ അകന്ന ബന്ധത്തിലെ ഒരു വല്യമ്മാവന്റെ പ്രിയപ്പെട്ട കിളിമീനെ, ഞാൻ ഒറ്റവെട്ടിനാണ് കൊന്നത്. സംഭവം പുറത്തറിയാതിരിക്കാൻ ഞാൻ  ആ ശരീരം ഉപ്പും മുളകും ചേർത്ത് വറുത്തെടുക്കുകയും ചെയ്തു. 

ഇനി പറയൂ, ഞാൻ ചെയ്തത് ഒരു തെറ്റാണോ?!🤔🤔

Comments

  1. ഇനിയും ഇതിലെ വരുമോ ആടുകളെയും മേച്ച് കൊണ്ട്‌

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഗ്ലും ഗ്ളും

    ReplyDelete

Post a Comment