വെങ്കലം പോരെ ഫൽഗുണാ?

മറ്റാരുടെയോ കൈപ്പടയിൽ എഴുതപ്പെട്ടതൊക്കെ  അതേ പടി വിശ്വസിക്കുന്ന ഒരാളല്ല ഞാൻ.  അത് കൊണ്ട് തന്നെ,  വായിച്ച് തീർത്ത ഓരോ പുസ്തകത്താളുകളെയും കീറിമുറിക്കാറുണ്ട് എന്നിലെ വൈദ്യൻ. രണ്ടാമൂഴക്കാരോടും, അടിച്ചമർത്തപ്പെട്ടവരോടും, ചതിക്കപ്പെട്ടവരോടുമൊക്കെ വല്ലാത്ത ഒരു അനുകമ്പ എനിക്ക് തോന്നാറുണ്ട്. ഞാൻ പോലുമറിയാതെ, ചിലപ്പോഴൊക്കെ ആ കഥാപാത്രങ്ങളായി മാറാറുമുണ്ട്! ഒരുതരം 'പരകായപ്രവേശം'!

സമയം രാവിലെ 3 മണി! നിനക്ക് ഉറക്കം ഒന്നും ഇല്ലേ എന്ന സ്ഥിരം ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. കടിഞ്ഞാണിട്ട് പിടിക്കാൻ പറ്റാത്ത വേഗത്തിലാണ് മനസ്സിന്റെ ഈ സമയത്തുള്ള  സഞ്ചാരം. ഞാൻ ഒരു ഉത്തരം തേടുകയാണ്.

"വിശ്വത്തിലെ സർവശ്രേഷ്ഠനായ ധനുർധാരി ശെരിക്കും കുന്തീപുത്രൻ അർജ്ജുനനോ?!"

അർജ്ജുനൻ ഒരു പ്രഗത്ഭനായ യോദ്ധാവാണെന്ന വസ്തുത ഞാൻ അംഗീകരിക്കുന്നു. പക്ഷേ, മേല്പറഞ്ഞ വിശേഷണത്തിന് യോഗ്യനാണോ, പാർത്ഥൻ?

ധനുർവിദ്യയിൽ അഗ്രഗണ്യനായിരുന്നു 'ഏകലവ്യൻ'! അർജ്ജുനനെക്കാൾ കേമൻ. അതവൻ തെളിയിക്കുകയും ചെയ്തു. (തെളിയിച്ചതിനു എട്ടിന്റെ പണി കിട്ടി.... അത് വേറെ കാര്യം! ആ പരിപാടി ഒരുളുപ്പും ഇല്ലാതെ  നമ്മൾക്കായി സ്പോൺസർ ചെയ്തത് 'ശ്രീ ശ്രീ ശ്രീ ദ്രോണാചാര്യ മഹാരാജ്'. അതല്ലല്ലോ ഇപ്പോളത്തെ പ്രശനം! അത് കൊണ്ട് പുള്ളി തത്കാലം രക്ഷപ്പെട്ടു!) ശിഷ്യനോടുള്ള ദ്രോണരുടെ പക്ഷാപാതം അർജ്ജുനന് തുണയായി!

പിന്നെ ഉള്ളത് 'പരശുരാമ ശിഷ്യൻ, സൂര്യപുത്രൻ കർണ്ണൻ'. ഇദ്ദേഹമാണ് 'കണ്ടകശനിക്ക്' ഉള്ള ഉദാഹരണം എന്ന് എനിക്ക് തോന്നാറുണ്ട്. 'ദാനശീലം' മുതലെടുത്തു ആദ്യം അർജ്ജുനന്റെ പിതാവ്, 'കർണ്ണൻ' എന്ന അജയ്യനായ യോദ്ധാവിനെ തോൽപിച്ചു. (സ്വന്തം മകന്റെ കഴിവിൽ എത്രത്തോളമായിരുന്നു പുള്ളിക്ക് വിശ്വാസം എന്ന് ഇപ്പോൾ ഒരു ഏകദേശ രൂപം പിടികിട്ടി കാണുമല്ലോ?) "ആവശ്യസമയത്ത് ഉപകാരമില്ലാതായിപ്പോട്ടെ" എന്ന പരശുരാമ ശാപം(പെട്ടെന്ന് വന്ന ദേഷ്യം, ആ  പാവത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കി കൊടുത്തു), കുരുക്ഷേത്ര യുദ്ധത്തിന് മുന്നോടിയായി തന്റെ മാതാവായ കുന്തിക്ക് കർണ്ണൻ നൽകിയ വാക്ക്....
ഇവയെല്ലാം അർജ്ജുനനെ സഹായിച്ചു!

അർജ്ജുനനെക്കാൾ പതിന്മടങ്ങു കഴിവുകൾ  ഉണ്ടായിരുന്നില്ലേ തഴയപ്പെട്ട ഏകലവ്യനും, കർണ്ണനും? പ്രതിഭാധനരായ ഗുരുക്കന്മാരാണ് അർജ്ജുനനെയും, കർണ്ണനെയും വിദ്യ അഭ്യസിപ്പിച്ചത്. എന്നാൽ ഏകലവ്യനാകട്ടെ ഒരു പ്രതിമയ്ക്ക് മുൻപിലാണ് ശിക്ഷണം സ്വീകരിച്ചത്.
അപ്പോൾ "വിശ്വത്തിലെ സർവശ്രേഷ്ഠനായ ധനുർധാരി ശെരിക്കു ഏകലവ്യനല്ലേ?"

കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ, ഒരു വെങ്കലത്തിനു മാത്രമല്ലേ അർഹതയുള്ളൂ, അർജ്ജുനാ???

Comments

  1. സംഭവം ശരിയാണ്. പക്ഷേ നാവ് പിഴച്ചാൽ തീർന്നില്ലേ കാര്യം!!

    ReplyDelete
  2. അതിപ്പോ ഐൻസ്റ്റീൻ അല്ലല്ലോ atom bomb ഉണ്ടാക്കിയത്

    ReplyDelete

Post a Comment

Popular Posts