സേവിച്ചന്റെ ആ 'ലഹരി'!

"എനിക്കൊന്നും കേൾക്കേണ്ടന്നെ! ഒരു  പതിനഞ്ചു മിനിറ്റ് സമയം  തന്നാൽ  മതി ഇന്നത്തെ ദിവസത്തിൽ നിന്നും. ഇരുപത്തിനാല്  മണിക്കൂറുണ്ട് നിന്റെ കൈയിൽ.  ഞാൻ  ഇടവഴിയിൽ ഉണ്ട്.  കാറിന്റെ ഉള്ളിൽ കാണും.  നിന്നെ കാണാതെ ഞാൻ പോവുകേല്ല!"മറുതലക്കൽ നിന്നും ഒരു മറുപടിയും കേൾക്കുവാൻ കൂട്ടാക്കാതെ,  അക്ഷമനായി സെഡ് ഫോൺ വെച്ചു.

'ന്റെ കാവിലമ്മേ...എന്താ ഇപ്പൊ ഇങ്ങനെ? ന്നെ പരീക്ഷിച്ചു മതിയായില്യെ? ഇത്രയും പ്രശ്നങ്ങൾ ഇല്ലത്തു നടക്കുമ്പോൾ ങ്ങനെയാ? എന്ത് പറഞ്ഞിട്ടാ ഇല്ലത്തൂന്ന് ഇറങ്ങാ? പാർവതി എന്ത് ചെയ്യണമെന്നറിയാതെ നടുമുറ്റത്ത് ഉലാത്തി.

"ഓപ്പോളേ...കുന്നേലെ നടയിൽ തിരി കത്തിച്ച്, ചെമ്പാട്ടെ അമ്പലത്തിൽ ഒന്ന് പോയി  വരാം.  കുറച്ചു വഴിപാടുകൾ ഉണ്ടേ... കാലം ഇശ്യായി ചെയ്യിപ്പിക്കണമെന്ന് നിരീക്കണു." അവൾ വീട്ടിൽ നിന്നിറങ്ങി.

ഉമ്മറത്തെ ചാരുകസേരയിൽ കേശു നമ്പൂതിരി കിടക്കണ കണക്കെ,  ഡ്രൈവർ സീറ്റിൽ അങ്ങനെ മലർന്നു കിടക്കുകയായിരുന്നു സെഡ്. വണ്ടിയുടെ ഗ്ലാസിൽ ചെന്ന്‌ തട്ടിയപ്പോൾ, മുഖത്തെ ഗൗരവം കൈവെടിയാതെ അവൾക്കായി കാറിന്റെ ഡോർ അവൻ തുറന്നു നൽകി.

"ഇവിടെ ല്ലാർക്കും ന്നെ അറിയാം. വിരോധില്യാച്ചാ പെട്ടെന്ന് വണ്ടിയെടുക്കോ?

മിണ്ടാട്ടമില്ല.  പക്ഷേ അവൾക്കായി സീറ്റ്‌ ബെൽറ്റ്‌ ഇട്ടു കൊടുത്തു.  കാർ റിവേഴ്‌സ് എടുക്കുന്ന ശബ്ദം ആ ഗ്രാമം മുഴുവൻ കേട്ടുകാണും.

'ദേഷ്യം തീർക്ക ഈ മിണ്ടാപ്രാണിയോടാ?  വണ്ടിയാച്ചാലും അതിനും വേദന കാണില്യെ ?ഇത്  നല്ല കൂത്ത്!'

"ഒന്ന് പതിയെ... "പകുതിക്കു  വച്ച്  അവൾ നിർത്തി. 120km/hr കണ്ടപ്പോൾ പാർവതിയുടെ കണ്ണുകളിൽ നിന്നും പൊന്നീച്ച പറന്നു.  പക്ഷേ അവളൊന്നും മിണ്ടിയില്ല.  എന്തെങ്കിലും പറഞ്ഞാൽ ആ വണ്ടിയുടെ വേഗത കൂടുകയേ ചെയ്യൂ എന്നവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
ഇപ്പോൾ അങ്ങ് ഒടുങ്ങിയാൽ അതാണ്‌ നല്ലതെന്ന് കരുതി,  കണ്ണുകൾ മുറുകെ അടച്ച്, ഹനുമാൻ ചാലിസ ജപിച്ചവളങ്ങനെ ഇരുന്നു.

"അതേ,  പേടിക്കേണ്ട! കൊല്ലുകേല്ലാ!" വണ്ടി  നിർത്തിയിട്ട്  അവൻ  പറഞ്ഞു.

"ന്താ അച്ചായാ ഇത്? ഇല്ലത്തെ കാര്യേന്നും  അറിയില്യാന്നുണ്ടോ? ല്ലാം അറിയാച്ച പിന്നെ എന്തിനാ ഈ പിടിവാശി? ഒന്ന് കാണണമെന്നും,  ഒരല്പനേരം സംസാരിക്കണമെന്നും നിക്ക് ആഗ്രഹില്യാന്നാ കരുതണതു? ഇത്രയും ബഹളങ്ങൾക്കിടയിൽ നിന്ന് ങ്ങനെയാ ഞാൻ ഓടിവന്നേന്ന് നിക്കും, കാവിലമ്മക്കുമേ അറിയൂ!"

ഗൗരവത്തിന് ഒരു കുറവും വന്നിട്ടില്യ.  പോരാത്തതിന് ഇപ്പൊ മീശപിരിക്കലും.

"എത്ര നേരായി ഞാൻ കഷ്ടപ്പെടാ! ഒന്ന്  ചിരിച്ചാലെന്താ?" ഒരു കുലുക്കവുമില്ല എന്നുകണ്ടപ്പോൾ അവൾ പിറുപിറുത്തു "ആരാണെന്നാ വിചാരം?  വല്യ ഷാരൂഖ് ഖാൻ വന്നിരിക്കണു . പോത്തച്ചായൻ !"

"എന്തോന്നാ? " കാഠിന്യമുള്ള സ്വരത്തിൽ ചോദ്യം

"ഇശ്ശിനേരം എന്നോടൊന്ന് മിണ്ടിക്കൂടെ?  പോട്ടെ,  മിണ്ടേണ്ട.  എന്നെ  ഒന്ന്  നോക്കിക്കൂടെ?  നിക്കറിയാം കുറച്ചുനേരം എന്റെ കണ്ണിൽ നോക്കിയിരുന്നാൽ അച്ചായന്റെ ദേഷ്യമെല്ലാം പമ്പ കടക്കും. "

"കടക്കും, എനിക്കറിയാം. അതുകൊണ്ട്  തന്നാ നോക്കാതെന്നേ.  ഇപ്പൊ സൗകര്യപ്പെടുകേല്ല. കുറച്ചുമുന്നെ നീ എന്നതാടി എന്നെ വിളിച്ചെ?

"ഉം  ഉം" തലയാട്ടി  അവൾ  ഒന്നുമില്ലെന്ന്‌ അറിയിച്ചു.

"നിന്റെ വായിലെന്നാ നാക്കില്ലേ?  അതോ  സംസാരിക്കാൻ കഴിയുകേല്ലേ?"

"എന്തിനാ  ദേഷ്യപ്പെടണെ? നിക്ക് സങ്കടം വരണൂ."

"കുറച്ച് മുന്നേ നീ എന്നതാ എന്നെ വിളിച്ചെന്ന്? ശബ്ദത്തിനു കനം കൂടി  വന്നു

"പോത്തച്ചായാന്ന്! ഇനിയും വിളിക്കും! പോത്തച്ചായാ.....പോത്തച്ചായാ.... പോത്തച്ചായാ... "

"എടി പെമ്പറന്നോരെ,  ഞാൻ പോത്താണെലേ, നീയാ എന്റെ എരുമ."

"ന്നെ കാണാൻ എരുമേനെ പോലെയാ??"

"നിന്റെ മൂക്കേൽ കെടക്കുന്ന ആ കുന്ത്രാണ്ടം ഉണ്ടല്ലോ? അത് അങ്ങ് കോട്ടയത്ത്‌ ഞങ്ങൾ എരുമകൾക്കാ ഇടുന്നത്!"

"ഇത് കുന്ത്രാണ്ടമൊന്നുമല്ല. ഇത് മൂക്കുത്തിയാ.. വളയൻ മൂക്കുത്തി!"

കൈയും നീട്ടിക്കൊണ്ടുവന്നപ്പോൾ അവൾ കരുതി മൂക്കിൽ പിടിക്കാനാകുമെന്ന്! സ്നേഹം കൂടുമ്പോൾ അങ്ങനെ ഒരു പതിവുണ്ട് ഇതിയാനെ! പിന്നീട് എന്താണ് സംഭവിച്ചതെന്ന് അവൾക്കറിയില്ല. ഒന്ന് കണ്ണുചിമ്മി തുറന്നപ്പോഴേക്കും അവളുടെ മൂക്കുത്തി അയാളുടെ കൈയിൽ.

"ന്റെ കാവിലമ്മേ! ഊരിയെടുത്തോ? ന്റെ മൂക്കടയും!"

ഗൗരവം വെടിയാതെ അവളെ അടിമുടി ഒന്ന് നോക്കിയിട്ട്,  കാറിന്റെ വിൻഡോ പതിയെ താഴ്ത്തി എടുത്തൊരു ഏറുകൊടുത്തു!

"അച്ചായാ.... !!! കളഞ്ഞോ? ഹോ! ഒരു  കാഞ്ഞിരപ്പള്ളി കറിയാച്ചൻ വന്നിരിക്കണു . വല്യ ശ്രീകൃഷ്ണനാണെന്നാ വിചാരം? കണ്ണന് പോലും 16100 കാമുകിമാരെ ഉണ്ടായിരുന്നുള്ളൂട്ടോ!"

"അല്ലടി! നല്ല ഒന്നാംതരം കോട്ടയംകാരൻ നസ്രാണി! നിന്റെ പറച്ചിലിന് ഒരു  അസൂയയുടെ മണമുണ്ടല്ലോടി കൊച്ചേ!"

"ഉവ്വ്...കസൂയ!  പദ്മനാഭനെ കണക്കെ തൂണിലും തുരുമ്പിലും, എല്ലാം നിറഞ്ഞു നിൽക്കല്യേ!! ഇൻസ്റ്റാഗ്രാമിൽ 90k ഫോളോവെർസ്,  ഫേസ്‌ബുക്കിൽ അതിനിരട്ടി. ഇതൊന്നും പോരാച്ചാ ഫാഷൻ ഫോട്ടോഗ്രഫി ആണ് തൊഴിൽ. അതും  മുഴുവൻ  പെൺകുട്ട്യോൾ!!"

"കോട്ടയം ജില്ലയിലെ സകലമാന പെങ്കൊച്ചുങ്ങളും എന്നെ  വീഴ്ത്താൻ പിറകെ നടന്നിരുന്ന ഒരു കാലം  ഉണ്ടായിരുന്നു മണ്ണാർകളത്തെ സ്റ്റീഫൻ ദേവസ്സിയുടെ ഇളയമകൻ 'സേവി ഈതൻ സ്റ്റീഫൻ' എന്ന ഈ സെഡ്ന്!

കുശുമ്പിനാൽ മുഖം ചുളിച്ച അവളെ നോക്കി, ചിരിച്ചു കൊണ്ട്, കഷ്ടപ്പെട്ടുരുട്ടി കയറ്റിയ ബൈസെപ്സും കാട്ടി, കട്ടിമീശയും പിരിച്ചു കൊണ്ട് ചോദിച്ചു  "ഇത്രയും ലുക്കുള്ള ഒരു അച്ചായനെ നിനക്ക് എവിടെ  കിട്ടുമെടി? എന്നാലും പറയാതിരിക്കാനൊക്കില്ല.... നീ  എന്നെ  വീഴ്ത്തിക്കളഞ്ഞു!"

"അയ്യാ....... ഇതാ ലുക്ക്‌?  എന്റെ കൂപ... "പകുതിക്കു വച്ച് അവൾ വായ അടച്ചു. കാരണം  ഇതുകഴിഞ്ഞു  അപ്പുറത്ത് നിന്നും എന്താവും മറുപടി എന്ന് അവൾക്കൂഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു!!

"എന്നാ നിർത്തിക്കളഞ്ഞേ? ഇപ്പറഞ്ഞ എന്തിരൻ  ഉണ്ടല്ലോ?  കൂപ്പർ?  കേരളത്തിൽ  കാല്  കുത്തിയാൽ  ഈ സെഡ് ആരാണെന്ന്  അവനറിയും!!"

"എന്റെ കൃഷ്ണാ....വന്നു  വന്ന്  ഒരു  സിനിമ  നടനെ  ആരാധിക്കാൻ പോലും പറ്റില്യാന്നായോ? എന്ത്  പറഞ്ഞാലും അടി, ഇടി, വെട്ട്, കുത്ത്! അച്ചായനെന്താ ഗുണ്ടയാ?"

"അതേടി ! ഗുണ്ട തന്നാ!"

"ന്നോട്  മര്യാദക്ക്  മിണ്ടുന്നോ, ഇല്യോ? നിക്കിപ്പോ അറിയണം!"

വീണ്ടും  മൗനമായിരുന്നു അവന്റെ മറുപടി. അവളുടെ  മുഖം വാടുന്നത് കണ്ടിട്ടാണോ അതോ ആ കണ്ണുകൾ കലങ്ങുന്നതു കണ്ടിട്ടോ...

"എത്ര വട്ടം പറയണം? ഒന്ന്  കരയാതിരുന്നാലെന്നാ...ആകാശം  ഇടിഞ്ഞു  വീഴുമോ? എന്നാ വേണേലും ചെയ്യാം. കരയല്ലേ! നിന്റെ  കണ്ണ്  നിറഞ്ഞ എന്റെ  ചങ്ക് തകരുമെടി!"

ബാക്ക് സീറ്റിൽ വച്ചിരുന്ന കവറിൽ നിന്നും ഒരു പൊതിയെടുത്തു, അവളുടെ മുൻപിലേക്ക് നീട്ടി..

"ഇന്നാ,മുത്തേ....ഇത് തരാനാ ഞാൻ  കുറച്ച് സമയം  ചോദിച്ചേ."

"ഹായ്.... കരിവള! ങ്ങനെ കിട്ടി?

"എന്റെ പെണ്ണ്  ആദ്യമായി ഒരു കാര്യം വേണമെന്ന് പറഞ്ഞിട്ട്, അത് ചെയ്തു കൊടുത്തില്ലേലെ,  എന്നാത്തിനാ ഈ മീശേം വച്ച് ആണാണെന്ന് പറഞ്ഞ്  ഞാൻ നടക്കുന്നേ?

"നിക്ക്  ഇട്ടു തര്വോ? കൈകൾ  അവന്റെ  നേർക്കു നീട്ടിക്കൊണ്ട്  പാർവതി ചോദിച്ചു.

അവളുടെ കൈകൾക്കു മാറ്റുകൂട്ടാൻ എന്നോണം ഓരോ കരികുപ്പിവളകളും അതീവ സൂക്ഷ്മതയോടെ, അത്യധികം സ്നേഹത്തോടെ, അവളുടെ  കണ്ണുകളിലേക്ക് ഇമവെടിയാതെ നോക്കി നിന്ന് സെഡ് ഇട്ടു കൊടുത്തു. അവരുടെ  പ്രിയപ്പെട്ട ആ നിമിഷങ്ങൾക്ക് എപ്പോഴോ കരിവളകളുടെ കണ്ണുപെട്ടു. മൃദുലമായ  അവളുടെ കരങ്ങൾ തലോടി, തലോടി,  ആ കരിവള ആഴത്തിൽ അവളെ  ചുംബിച്ചു. വാർന്നൊഴുകിയ ആ രക്തത്തുള്ളികൾ, അവന്റെ  കണ്ണുനീരിനോട്  ഇഴുകി ചേർന്നു..

"വേദനിച്ചോ, മുത്തേ?"

"ഇല്യ അച്ചായാ..."

"മണ്ണാർകാട്ട് പെരുന്നാൾ അല്ലായിരുന്നോ? ഒന്ന്  മുട്ടിപ്പായി  പ്രാർത്ഥിച്ചു. ഈ  കുപ്പിവളക്കൊക്കെ  ഇപ്പൊ വല്യ  ഡിമാൻഡ്  ഇല്ല, അല്ലായോ? ആ  കടയിലെ  ചേട്ടന്മാരെല്ലാം പറഞ്ഞു  ഇപ്പൊ  ആർക്കും  ഇതൊന്നും  വേണ്ടാന്ന്! ഇതിനു  പകരം കമ്പിവള തരാം എന്ന്  വരെ പറഞ്ഞു. അന്നേരം  ഞാൻ  പറഞ്ഞെ  കുപ്പിവള  തന്നെ  വേണം  ഇല്ലേലെ കെട്ടിയോള്  വീട്ടിൽ കേറ്റുകേല്ലാന്ന്. "

"കെട്ടിയോളോ?"

"എന്നാ? അല്ലേ? മീശ  ഒന്ന്  നന്നായി  പിരിച്ചു കൊണ്ട് അവളെ  നോക്കി തുടർന്നു "നിനക്ക്  വേറെ  ആരേലും  കെട്ടണോ? അങ്ങനെ കെട്ടാൻ  ഏതവനേലും ഇങ്ങോട്ട്  കെട്ടിയെടുത്താൽ, ആ  കൈയും  കാലും  ഞാൻ തല്ലിയൊടിക്കും!"

"ശിവ! ശിവ! ഇങ്ങനെ വിരട്ടി കല്യാണം  കഴിപ്പിക്കാൻ താങ്കളാരാന്നാ നിരീക്കണത് ? മംഗലശ്ശേരി നീലകണ്ഠനോ?!

"അല്ലടി....നിന്റെ..."

"അതിന്റെ  ബാക്കി ഭാഗം പറയണമെന്നില്യ.... ഇല്ലത്തു  ഇരിക്കണ അച്ഛൻ  തിരുമേനിയെ  വെറുതെ  ന്തിനാ തുമ്മിപ്പിക്കണത്?! നേരം ഇശ്യായി  ഞാൻ ഇറങ്ങിയിട്ട് ! എന്നെ  തിരികെ  കോണ്ടാക്വോ?

"കൊണ്ടാക്കാൻ മനസ്സ് വരുകേല്ല. എന്നാലും കൊണ്ടാക്കാമെടിയേ;പോകണം എന്ന് നീ പറഞ്ഞതോണ്ട് മാത്രം. പിന്നേ, നിന്റെ ദേഹത്ത് ഏതവനേലും കൈവെച്ചാ....നിന്റെ  ആങ്ങളമാരാ, അമ്മാവന്മാരാ എന്നൊന്നും ഞാൻ  നോക്കുകേല്ലാ...പറഞ്ഞേക്ക്!ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അന്ധവിശ്വാസങ്ങൾ കെട്ടിപ്പിടിച്ചു ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ഇടയിൽ ജനിച്ചു എന്നുള്ള ഒരു കുറവേ നിനക്കുള്ളു. നിന്നെ തല്ലിയിട്ടും ഇപ്പോഴും രണ്ട് കാലേ അവന്മാര് നടക്കുന്നതേ ഈ സേവിച്ചന്റെ കഴിവുകേടായി ആരും കരുതേണ്ടെന്നേ. അന്ന് നീ  വേണ്ടാന്ന് പറഞ്ഞോണ്ട് മാത്രമാ! നിന്നെ പഠിപ്പിക്കാൻ കോട്ടയത്തേക്ക് അയച്ചു എന്നുള്ള ഒരു നല്ലകാര്യം ചെയ്തത് കൊണ്ട് മാത്രം  ഞാൻ  അങ്ങ് വിട്ടു കളഞ്ഞു. ഇനി ആ ഔദാര്യം ഒരത്തനും പ്രേതീക്ഷിക്കേണ്ട!"

*****  *****  *****  *****  *****  *****  *****

ഇടവഴിയിൽ കാറുനിർത്തിയപ്പോൾ സേവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"ഇന്നാ....ഇത് ഇട്ടോ" പോക്കറ്റിൽ നിന്നും മൂക്കുത്തി എടുത്ത് നീട്ടിക്കൊണ്ട് സെഡ് പറഞ്ഞു

"അപ്പോ ഇത് കളഞ്ഞില്യ?"

"നിനക്കിഷ്ടമുള്ളതെല്ലാം എനിക്ക് ഇഷ്ടമാണ്, പെണ്ണേ....പിന്നേ, മൂക്കുത്തിക്ക് ചന്തം നിന്റെ  മൂക്കിൽ കിടക്കുമ്പഴാ...നിന്റെ മൂക്കിന്റെ ഭംഗി കൊണ്ട് മാത്രം...!"

ഒന്ന്  പുഞ്ചിരിച്ചു അവൾ....

"അതെ....അച്ചായാ...ഇന്നിനി വലിക്കല്ലെട്ടോ..."

"ഈ വലിയും, കുടിയും ഒന്നും നീ എന്ന ലഹരിക്ക് പകരമാവില്ല, മുത്തേ. നീ പറഞ്ഞാ പിന്നെ നിന്റെ  അച്ചായൻ കേൾക്കാതിരിക്കുമോടി? നിനക്ക്  വേണ്ടി  ഞങ്ങൾ അച്ചായന്മാരുടെ സ്വകാര്യ അഹങ്കാരമായ ബീഫ് ഫ്രൈ പോലും  ഞാൻ  വേണ്ടാന്ന്  വെക്കും...അപ്പോഴാണോടിയെ ഒരു  വലി?

കാർസീറ്റിന്റെ ഒരു കോണിൽ വെച്ചിരുന്ന ആ  ഒടിഞ്ഞ കുപ്പിവളയുടെ കഷ്ണങ്ങൾ എടുത്തെറിയാൻ തുടങ്ങിയപ്പോൾ സേവി അവളെ തടഞ്ഞു.

"അത് കളയാനുള്ളതല്ല. നിന്നെ വേദനിപ്പിച്ച ഒന്നും വെറുതെ കളയപ്പെടേണ്ടവയല്ല!" അതിൽ  നിന്ന് ഒരു  കഷ്ണമെടുത്തു തന്റെ കൈയിൽ കോറിക്കൊണ്ട്‌ അവൻ പറഞ്ഞു. ആ  മുറിവിൽ  നിന്നും ഇറ്റു വീണ ചോരത്തുള്ളികൾ അവളുടെ സീമന്ത രേഖയിൽ നിറച്ചിട്ട്, ഒരിക്കൽ കൂടി മീശ പിരിച്ചു കൊണ്ട് സേവി പറഞ്ഞു

"കൊട്ടും, കുരവയും, താലിയും ഒന്നും ഇല്ല എന്നറിയാം. ഈ സിന്ദൂരം അത്ര മോശം ഒന്നും അല്ലല്ലോ, അല്ലേടിയെ? അറിയാതെ ഒരിക്കൽ നീ എന്നെ  'ഇച്ചായാ' എന്ന്  വിളിച്ചില്ലേ? അന്ന്  തീരുമാനിച്ചതാ ഈ സേവി നിന്റെ മാത്രമാണെന്ന്! ഞങ്ങൾ  ഈ അച്ചായന്മാർക്കെ, ചങ്ക് പറിച്ചു കൊടുത്തു സ്നേഹിക്കാനേ അറിയത്തൊള്ളൂ! ഇനിയിപ്പോ ലോകം കീഴ്മേൽ മറിഞ്ഞെന്നു പറഞ്ഞാലും പാറു, നീ എന്റെയാടി. ഈ ലോകത്തിലെ ഒന്നിനും, ഒരുത്തനും നിന്നെ ഞാൻ വിട്ടു കൊടുക്കുകേല്ല!!

മനസ്സ് നിറഞ്ഞൊന്നു ചിരിച്ചിട്ട്, സേവിയുടെ കവിളുകളിൽ ഒരു മുത്തം നൽകി, അവൾ പറഞ്ഞു "ന്നാ ഞാൻ പോയി വരാം, ഇച്ചായാ..."

നടന്നു നീങ്ങവേ, അങ്ങ് ദൂരെ ഇല്ലത്തിന്റെ പടിപ്പുരക്കൽ വടിവാളുമേന്തി, ഉറഞ്ഞു തുള്ളുന്ന കോമരങ്ങളെ അവൾ കണ്ടു.

 
Picture Courtesy :©Arjun Kamath 
Disclaimer:- This is purely a work of fiction. All the characters, places and names used in this story are either fictional or manipulated to be fictional. Any resemblance to living or dead people are purely coincidental. Writer has no intention to mock anyone's sentiments, religious beliefs or any culture. Here, the author is just voicing for victims of 'honour killing'! There is NO honour what-so-ever when it comes to killing a human being! Everyone has a right to live and has the right to love as they please.

Comments

  1. Nice ��. After a long time..... thanku my dear shathru for this peace of “awesomeness”.....

    ReplyDelete

Post a Comment

Popular Posts