ഉയർത്തെഴുന്നേല്പ് !

  ഒരുപാട് നാളുകൾക്കുശേഷം ഞാനിന്നവളെ കാണുകയുണ്ടായി. ആ കണ്ണുകളിലേയ്ക്ക് നോക്കുവാൻ എനിക്ക് ഭയമായിരുന്നു. അവയിലെ തീക്ഷ്ണതയിൽ ദഹിച്ചുപോകുമെന്ന് ഞാൻ ശക്തമായി വിശ്വസിച്ചിരുന്നു. കാരണം, ഒരു തരത്തിൽ ഞാനും തെറ്റുകാരിയാണ്! സഹതാപത്തോടെ അവളെ ആശ്വസിപ്പിക്കാൻ ഞാൻ വാക്കുകൾ തേടി.... ഒന്നും പറയുവാൻ കഴിഞ്ഞില്ല! എന്നാൽ, എൻ്റെ മനസ്സിൻ്റെ കുറ്റബോധത്തെ അവളുടെ മന്ദഹാസം ആശ്ചര്യപ്പെടുത്തി!

ഉയരങ്ങളുടെ കൊടുമുടി കീഴടക്കുവാനുള്ള പാഞ്ഞോട്ടമായിരുന്നില്ല അവളുടേത്‌. 'പ്രാരാബ്ധങ്ങൾ'... അവയായിരുന്നു അവളുടെ ആട്ടക്കഥയിലെ കത്തിവേഷം! ആത്മമിത്രങ്ങളുടെ മുൻപിൽ പോലും കൈനീട്ടുവാൻ, രാജ്യസേവനത്തിനായി തൻ്റെ ജീവൻ ബലിയർപ്പിച്ച ആ സൈനികൻ്റെ മകൾക്ക് തോന്നിയില്ല! 'ആത്മാഭിമാനം', വളരെ മൂല്യമുള്ള ഒന്നാണല്ലോ? ജീവിതഭാരം അവളെ ശ്വാസംമുട്ടിക്കുമ്പോൾ ഒരു ഭ്രാന്തമായ മുഖംമൂടി അണിഞ്ഞ് അവൾ അവനൊപ്പം പാറിപ്പറന്നു നടന്നിരുന്നു! നാട്ടുകാർ അടക്കം പറഞ്ഞുതുടങ്ങി "അവൾ അത്ര ശരി അല്ല. ആൺപിള്ളേരുമായാണ് സൗഹൃദം. ആ തലതെറിച്ച പയ്യനുമായിട്ട് എന്തൊക്കെയോ ഇടപാടുണ്ട്!" തനിക്ക് ജീവിക്കുവാൻ കഴിയാത്ത ജീവിതം മറ്റൊരാൾ ജീവിച്ചുകാണുമ്പോഴുള്ള അസൂയ ആവാം അവരെ അങ്ങനെ പറയുവാൻ പ്രേരിപ്പിച്ചത്!

ഇവയൊന്നും അവൾക്കു പ്രേശ്നമായിരുന്നില്ല. ചോദിക്കുമ്പോൾ പരിഹാസത്തോടെ അവൾ പ്രീതികരിച്ചിരുന്നു "അവരുടെ ക്യാരക്ടർ സർട്ടിഫിക്കറ്റ് കിട്ടിയിട്ടിപ്പോൾ എന്തിനാ? എല്ലാവരുടെയും വായ മൂടികെട്ടുവാനാകില്ലല്ലോ!"

അവളെ പരീക്ഷിച്ചു മതിയായിട്ടുണ്ടാവില്ല ദൈവത്തിന്! അത് കൊണ്ടാണല്ലോ ശപിക്കപ്പെട്ട അന്നത്തെ രാത്രിയിൽ ആ കാട്ടാളൻ്റെ മുൻപിൽ അവൾ എത്തിപ്പെട്ടത്?!
അഴിഞ്ഞുകിടന്നിരുന്ന അവളുടെ ചുരുള്മുടിയിൽപ്പിടിച്ച് നിലത്തുകൂടെ അവളെ വലിച്ചിഴക്കുമ്പോഴും, "അരുതേ" എന്ന് കേണപേക്ഷിച്ച അവളുടെ രോദനങ്ങൾ കേട്ടില്ല എന്ന് നടിച്ചപ്പോഴും, ആർത്തിയോടെ അവളെ പിച്ചിച്ചീന്തിയപ്പോഴും, ഓർത്തിരുന്നുവോ മുലപ്പാലൂട്ടി അയാളെ വളർത്തി വലുതാക്കിയ ആ സ്ത്രീയെപ്പറ്റി? അവർ ഇന്ന് അവരെത്തന്നെ വെറുക്കുന്നുണ്ടാവാം.... പത്തുമാസം അയാളെ ചുമന്ന ആ ഗർഭപാത്രത്തെ പഴിക്കുന്നുണ്ടാവാം!!

"വേശ്യ" എന്ന് മുദ്രകുത്തിയവർ, അറപ്പോടെ അവളെ നോക്കിയവർ, "കണക്കായിപ്പോയി" എന്നും പറഞ്ഞ് അടച്ചധിക്ഷേപിച്ചവർ, "പെണ്ണായാൽ അടക്കവും ഒതുക്കവും വേണം... കാലിളകി നടന്നാൽ ഇതാവും സ്ഥിതി" എന്ന് പറഞ്ഞ് പുച്ഛിച്ച ചില 'സദാചാരപോലീസുകാർ'! സമൂഹം അത്രേ!!!
തളർന്നില്ല അവൾ! ഇനിയും ഉണങ്ങാത്ത മുറിവുകളെ അവഗണിച്ച്, വിരലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം കണക്കെ കൈവിട്ടുപോയ തൻ്റെ ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവിനായി അവൾ പോരാടി........സ്വന്തം നിഴലിനോട് പോലും!

പണ്ടെങ്ങോ സാമൂഹികപാഠത്തിൽ പഠിച്ച ഒരു വരി ഞാൻ ഓർക്കുന്നു. "മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്". ഇതിൻ്റെ അർഥമെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മറ്റുള്ളവരുടെ ദുഃഖത്തിൽ കൈകൊട്ടി ചിരിക്കുകയും, ആർപ്പുവിളിക്കുകയും ചെയ്യുന്നതോ സമൂഹം? അതോ നശിപ്പിക്കപ്പെട്ട പെൺകുട്ടിയെ പഴിചാരാനായി ന്യായീകരണങ്ങൾ നിരത്തുന്നതോ?

കോടതിമുറിയിൽ ആ മൃഗം പറയുന്നത് കേട്ടു "അവളിട്ടിരുന്ന കുപ്പായം എന്നെ മാടിവിളിച്ചു!" ഭാരതീയ സംസ്കാരത്തിനനുയോജ്യമായ രീതിയിൽ ഞൊറിഞ്ഞുടുത്ത ചേലയോ അയാളെ ത്രസിപ്പിച്ചത്?! അയാൾ പറഞ്ഞതിൻ്റെ വാലിൽ പിടിച്ചുകൊണ്ട് ചില സാമൂഹികപ്രവർത്തകർ മാധ്യമങ്ങളിൽ അവളെ ചിത്രവധം ചെയ്ത് വ്യാഖ്യാനിക്കുന്നത് കേട്ടു "പാശചാത്യ സംസ്കാരം ഉൾകൊള്ളുന്നതിൻ്റെ ഭവിഷ്യത്താണ് ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ." പലപ്പോഴും അവരോടായി ചോദിക്കണമെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട് "ഇവിടെ, ദൈവത്തിൻ്റെ മണവാട്ടിയുടെ കുപ്പായം അണിഞ്ഞവളെയും, മുട്ടിന് മുകളിൽ നിൽക്കുന്ന പാവാട ഇട്ടവളെയും ഒരേ പോലെ ഉപദ്രവിച്ച കാട്ടാളന്മാരില്ലേ? ഉൾകൊള്ളുന്ന സംസ്കാരം പാശ്ചാത്യമായാലും, പൈതൃകമായാലും മനസ്സിലാക്കേണ്ടത് മനുഷ്യനെയല്ലേ? അവരുടെ വികാരങ്ങളെ അല്ലേ? ഇല്ലെങ്കിൽ എന്താണ് ഇരുകാലികളും നാല്കാലികളും തമ്മിലുള്ള വ്യത്യാസം?"







സ്ത്രീയെ 'ദേവിയായി' കണ്ടാദരിക്കുന്ന 'ഇന്ത്യ' എന്ന  മഹാരാജ്യത്ത് തന്നെയല്ലേ പുരുഷൻ്റെ 'വാരിയെല്ലിനാൽ' തീർത്ത സ്ത്രീ തൻ്റെ അടിമയാണെന്നഹങ്കരിക്കുന്നവരും ഉള്ളത് ? വാരിയെല്ല് സംരക്ഷിക്കുന്നത് നമ്മുടെ ഹൃദയത്തെ അല്ലേ? അപ്പോൾ അതിനാൽ നിർമ്മിതയായ അവൾ ഇരിക്കുന്ന ത്രാസ്സ് എങ്ങനെയാണ് താഴുക? 'പുരുഷത്വം' കാട്ടുവാൻ നാരിയെ ചവിട്ടിയരക്കുകയും, കുത്തുവാക്കുകൾ പറയുകയും ചെയ്യുന്ന ഒരുപാട് പകൽമാന്യന്മാർ ഉള്ള ഈ സമൂഹത്തിൽ 'പൗരുഷം സ്ത്രീയെ കീഴ്‌പ്പെടുത്തുവാനുള്ളതല്ല..... ചങ്കുറപ്പോടെ അവളെ സംരക്ഷിക്കുന്നതിലാണെന്നു' പറഞ്ഞ്, അവളെ കൈവിടാതെ, പരിഭവമില്ലാതെ തൻ്റെ ജീവിതപങ്കാളിയാക്കിയ ആ 'തലതെറിച്ചവൻ'...... അവനല്ലേ യഥാർത്ഥ പുരുഷൻ?

അവൻ്റെ അരികിൽ നിൽക്കുമ്പോൾ അവളുടെ മുഖത്ത് മങ്ങാതെ നിൽക്കുന്ന ആ പുഞ്ചിരി.... അതാണ്‌ തൻ്റെ ചാരിത്ര്യത്തിൽ കരിവാരിപ്പുരട്ടിയ 'സമൂഹം' എന്ന കോമരത്തിന് അവൾ നൽകിയ ചുട്ട മറുപടി!

P. S. Rape is NEVER the victim's fault! This is not a generalisation! I am talking about those morons who still are stuck in the 15th century! I have immense respect for guys who still believe in being a 'gentleman'. Let me take a moment to tell all my sisters out there - who had to go through this unfortunate experience- .....It was NEVER your fault.

Comments