'പ്രകൃതി' പറഞ്ഞ ആ കഥ!

രാത്രിയുടെ മാറ്റ്കൂട്ടിയ കോടമഞ്ഞിൽ തീകാഞ്ഞു മലമുകളിൽ ഇരിക്കുകയായിരുന്നു അയാൾ.  നക്ഷത്രങ്ങളോട് അയാൾ കഥപറയുകയായിരുന്നോ? അറിയില്ല.

സിനിമയിലെ ക്ലിഷേ രംഗങ്ങൾ കണക്കെ, അയാളുടെ അരികിലേക്ക് അവൾ ചെന്നിരുന്നു. അഴിഞ്ഞു കിടന്ന അലസമായ ചുരുൾമുടിയിൽ ചൂടിയ മുല്ലപ്പൂവിന്റെ മനം മയക്കുന്ന സുഗന്ധവും, നടമാടുന്ന പുരികക്കൊടികളും, ചെൻചുവപ്പിന് മാറ്റ് കൂട്ടിയ അധരങ്ങളും ഒക്കെ ആയി ഒരു മീനാക്ഷി-മത്സ്യത്തിനെ കണക്കെ കണ്ണുകളുള്ളവൾ!

കുറച്ച് സമയം കടന്ന് പോയിട്ടുണ്ടാവാം.... പുകച്ചു കൊണ്ടിരുന്ന 'പ്രകൃതി' അവൾക്കു നേർ നീട്ടിയിട്ട് അയാൾ ചോദിച്ചു "പുകയ്ക്കുന്നോ?"  പാതിപുകഞ്ഞ ആ ചുരുട്ട്,  കുപ്പിവളകൾ ഭംഗികൂട്ടിയ കരങ്ങളാൽ അവൾ ഏറ്റു വാങ്ങി. ഒരു പക്ഷേ 'പ്രകൃതിയുടെ' അനുഗ്രഹം കൊണ്ടാവാം അവൾ ഒരു  'ഭാവഗായികയായി' മാറിയത്.

"അഴുക്ക് ചാലുപോലെയാണ് എന്നെ അവർ നോക്കുന്നത്....
ഞാൻ അവർക്കും ഭൂമിക്കും ഒരു ഭാരമാണ്....
അവരുടെ കുത്തുവാക്കുകളിൽ ഞാൻ ഇല്ലാതാകുന്നു....
ഒന്നും ഇല്ലാത്ത ഈ എന്നോട് നിനക്ക് എന്തിനീ സഹതാപം?!" - അവളുടെ ചോദ്യം

പൊട്ടിച്ചിരിച്ചു അയാൾ.... ഒരു ഭ്രാന്തനെ പോലെ! അയാളുടെ ആ അട്ടഹാസം ആർപ്പൂ വിളി കണക്കെ മലയടിവാരങ്ങൾ ഏറ്റു പിടിച്ചു. പിന്നീട് അയാൾ ചോദിച്ചു "കഥ കേൾക്കാൻ ഇഷ്ടമാണോ നിനക്ക് ?"
അതേ എന്നവൾ തലകുലുക്കി. കട്ടിമീശയും പിരിച്ചു,  ഒരിക്കൽ കൂടി ആ ചുരുട്ടും ആഞ്ഞുവലിച്ചുകൊണ്ട് അയാൾ പറഞ്ഞു തുടങ്ങി....

"ഓലകൾ മേഞ്ഞൊരു കുടിലിൽ ഒരു വർഷകാലത്തെ പേറ്റുനോവിന്റെ പരിണിതഫലം; ഞാനും അവരും തമ്മിൽ ഉള്ള ഏക ബന്ധം. പടച്ചവന്റെ ഒരു വെറും വിനോദമാവാം ഞാൻ എന്ന് എനിക്ക് മനസ്സിലാക്കിത്തന്ന ഒരു സ്ത്രീ.
അഞ്ചു വയസ്സുള്ളപ്പോൾ എന്നെയും എന്റെ പറക്കമുറ്റാത്ത അനുജന്മാരെയും ഉളുപ്പില്ലാതെ വലിച്ചെറിഞ്ഞിട്ട് ചെറുപ്പക്കാരനായ ഒരുവനിൽ സുഖം കണ്ടെത്തിയവർ! പാവം എന്റെ വാപ്പ....സൗന്ദര്യം ഇല്ലായിരുന്നു ആ കൂലി പണിക്കാരന്. ഒരു നേരത്തെ വിശപ്പടക്കാനുള്ള  അന്നം കണ്ടെത്താനുള്ള ഓട്ടത്തിൽ  മക്കളെ മറക്കും എന്നായപ്പോൾ, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അയാൾ പുനർവിവാഹിതനായി. വന്നെത്തിയ പുതിയ അതിഥി നാട്ടുകാർ പരോക്ഷമായി വർണ്ണിച്ച  ക്രൂരതയുടെ പര്യായമായിരുന്നു - രണ്ടാനമ്മ എന്ന ദുസ്വപ്നം. അതായിരുന്നു എന്റെ ജീവിതത്തിന്റെ ആദ്യ ഘട്ടം. തിരിച്ചറിവെത്തുന്നതിന് മുൻപേ പക്വത കൈവരിക്കേണ്ടിവന്ന നാളുകൾ. അവരോടും എനിക്ക് പരാതിയില്ല."

അയാളുടെ കഥ ഉത്കണ്ഠയോടെ അവൾ കേട്ടിരുന്നു......മുത്തശ്ശിയുടെ മടിയിൽ കിടന്ന് കഥ കേൾകുന്ന ഒരു കുഞ്ഞിനെ പോലെ....

"രണ്ടാമത്തെ ഘട്ടം ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങി. ഉടുതുണിക്ക് മറുതുണി ഇല്ലാതെ പഠിക്കാൻ മിടുക്കനായിരുന്ന എനിക്ക്, സ്കൂളിലെ ചേച്ചി ഒഴിഞ്ഞ ചോറ്റുപാത്രത്തിൽ ആരും കാണാതെ ഉച്ചകഞ്ഞിയും പയറും ഒഴിച്ച് തന്ന കാലം. എടുത്ത് വെച്ച ചാണകം മെഴുകാൻ പരീക്ഷ കഴിയുന്നത് വരെ സമയം ചോദിച്ചതിന് "ഇത്രയൊക്കെ നീ പഠിച്ചാൽ മതി" എന്ന് കൊല്ലപ്പരീക്ഷയുടെ തലേന്ന് അവർ എന്നോട് ആജ്ഞാപിച്ചു. അന്ന് എടുത്തണിഞ്ഞു ഞാൻ കർഷകൻ എന്ന വേഷം!"

അയാൾ പറഞ്ഞ് നിർത്തി. അപ്പോഴും കണ്ണിമ വെടിയാതെ അവൾ അയാളെ തന്നെ നോക്കി ഇരുന്നു. വീണ്ടും പുകയ്ക്കുവാൻ ഒരു 'പ്രകൃതി'  ചുരുട്ടി കൊണ്ട് അയാൾ തുടർന്നു....

"എല്ല് മുറിയെ പണിയെടുത്തു,  ഉണ്ടാക്കിയ നാണയങ്ങൾ എന്റെ അനുജന്മാരുടെ നാളേക്കായി കൂട്ടിവച്ചു. ഒരു സുപ്രഭാതത്തിൽ എന്റെ കൊച്ചു സമ്പാദ്യത്തിനായി അവർ ഉപ്പയോട്‌ കയർക്കുന്നത് കേട്ടപ്പോൾ, വെറുപ്പോടെ അവരുടെ മുഖത്ത് അത് വലിച്ചെറിഞ്ഞുകൊണ്ടു ഞാൻ പടിയിറങ്ങി. അലഞ്ഞു... എങ്ങോട്ടെന്നില്ലാതെ! വയറുവിശന്നപ്പോൾ, ഇട്ടിരുന്ന കുട്ടി ട്രൗസറിൽ കെട്ടിയിരുന്ന കയർ ഒന്നുടെ വരിഞ്ഞുകെട്ടി,  നീർച്ചോലയിലെ വെള്ളം കുടിച്ചു. അങ്ങനെ ഞാൻ എത്തിപ്പെട്ടു ആ ചുവന്നതെരുവിൽ! അവശനായി, തെരുവിൽ ഒരു ജോലിക്കായി മാർവാടികളുടെ കാലിൽ വീണ് കരയുന്ന ഒരു പൊടിമീശക്കാരെ വിളിച്ചു കൊണ്ട് പോയി സ്വന്തം കൈയാൽ ഭക്ഷണം ഊട്ടിയ, ഇതത്ര 'വെടിപ്പായ' സ്ഥലമല്ലെന്നും പറഞ്ഞ് എന്നെ ശകാരിച്ച ആ സ്ത്രീയിൽ ഞാൻ  എന്റെ  'അമ്മയെ' കണ്ടു. പേറ്റുനോവിന്റെയും, ഗർഭപാത്രത്തിന്റെയും, ഊട്ടിയ മുലപ്പാലിന്റെയും  കണക്ക് പറയുന്ന സ്ത്രീകൾ ഉള്ള ഈ  സമൂഹത്തിൽ, യശോദയെ പോലെ ഒരു 'അമ്മ'………നിസ്വാർത്ഥയായ 'അമ്മ'.  ജോലിക്കായി ഒരു തുണ്ടുപേപ്പറിൽ ആർക്കോ വേണ്ടി അവർ എന്തോ കുത്തിക്കുറിച്ചു...ആദ്യമായി,  എനിക്കായി ഒരാൾ കുറിച്ച വരികൾ. അതുമായി  ചെന്നാൽ ജോലി കിട്ടുമത്രേ. രക്തം മാത്രമല്ല ബന്ധങ്ങൾക്കുള്ള മാനദണ്ഡം എന്ന് എനിക്ക് മനസ്സിലാക്കി തന്ന  മൂന്നാമത്തെ ഘട്ടം'!

"വാസുവേട്ടനിൽ നിന്നാണ് എന്റെ ജീവിതത്തിന്റെ നാലാം ഘട്ടം ആരംഭിക്കുന്നത്. ചെൻചുവപ്പിന്റെയും, ഗറില്ലായുദ്ധങ്ങളുടെയും, മാക്സ്ന്റെയും, ചെയുടെയും കഥകൾ പറഞ്ഞ് വാചാലനായിരുന്ന, എന്നെ പുസ്തകങ്ങളെ പ്രണയിക്കാൻ പഠിപ്പിച്ച എന്റെ വാസുവേട്ടൻ.  നല്ലൊരു പ്രാസംഗികനായിരുന്ന അദ്ദേഹത്തിലൂടെ ഞാൻ സഞ്ചരിച്ചു,ഞാൻ പഠിച്ചു......ഈ ലോകത്തിനെപ്പറ്റി....ആകാശത്തിനു കീഴെയുള്ള എല്ലാറ്റിനെയും കുറിച്ച്. പഠിക്കുവാൻ ആഗ്രഹിച്ച എനിക്ക്, ഒരുതുണ്ട് കടലാസ് നേടിത്തന്ന വിദ്യാലയം....."വാസുവേട്ടൻ". വായിച്ചറിഞ്ഞ ഖുറാനും, ബൈബിളും, ഗീതയും ഒരേ പോലെ എന്ന് ഞാൻ തിരിച്ചരിഞ്ഞകാലത്ത്, അന്ന്  വരെ നിസ്‌ക്കാരത്തഴമ്പുണ്ടായിരുന്ന എന്റെ നെറ്റിൽ വിപ്ലവത്തിന്റെ ഗുൽമോഹർ പൂത്തു!"

"കറയില്ലാത്ത പ്രണയമാണ് എന്റെ ജീവിതത്തിലെ അഞ്ചാം ഘട്ടം. വളർന്നുവരുന്ന അനുജന്മാരുടെ കോളേജ് ഫീസ് നൽകാൻ എന്റെ തുച്ഛമായ ശമ്പളം തികയില്ല എന്നായപ്പോൾ അറബിയുടെ ഒട്ടകങ്ങൾക്കു കാവൽക്കാരനായി ഞാൻ! പ്രാരാബ്ധങ്ങൾ എന്നെ കഠിനാധ്വാനിയാക്കി. ഞാൻ എന്തെല്ലാമൊക്കെയൊ വെട്ടിപ്പിടിച്ചു എന്നായപ്പോൾ കൂട്ടിനു കിടക്കാൻ ഒരു കഷ്ണം മാംസം തേടി ഞാൻ ഒരു നൈറ്റ്‌ ക്ലബ്ബിൽ എത്തി. നീലക്കണ്ണുകളും, സ്വർണ്ണമുടിയും, മത്ത് പിടിപ്പിക്കുന്ന സുഗന്ധവും.... മാരിലിൻ മാൻറോ എന്ന മാദകസുന്ദരിയെ ഓർമ്മപ്പെടുത്തി അവൾ എന്നെ. അവൾ ആവശ്യപ്പെടുന്ന കാശുകൊടുത്തവളെ സ്വന്തമാക്കാൻ എനിക്ക് തിടുക്കമായിരുന്നു. അവളുടെ ഒരു രാത്രിയ്ക്ക്  എന്റെ ഒരു മാസത്തെ വിയർപ്പിന്റെ വിലയുണ്ടായിരുന്നു. എങ്കിലും അവൾ എന്റെ ഒരു വാശിയായി....."

"നിന്റെ പഴയകാലത്തിനോടുള്ള വെറുപ്പായിരുന്നോ അവൾ എന്ന  വാശി?" കുയിൽനാദം പോലുള്ള അവളുടെ സ്വരം മന്ത്രിച്ചു

ഒരു നിമിഷം,  അയാൾ  നിശബ്ദനായി...ആ മുഖം ഗൗരവപൂർണ്ണമായി....പിന്നെ വീണ്ടും കഥ തുടർന്നു....

"ദുബായിലെ മുന്തിയ ഹോട്ടൽമുറിയിൽ, മുക്കാലും ഒഴിഞ്ഞ ഒരു വോഡ്ക കുപ്പിയും വലിച്ചെറിഞ്ഞു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.  ദാരിദ്ര്യത്തിന്റെയും, പോളിയോ ബാധിച്ച സഹോദരന്മാരുടെയും, കുടിയനായ അച്ഛന്റെയും ഒക്കെ കഥ അവൾ പറഞ്ഞപ്പോൾ എന്റെ  മനസ്സിലെ 'വികാരം' സഹതാപമായി ഒതുങ്ങി. ഛർദിച്ചവശയായ അവളെ   പരിചരിക്കാനേ എനിക്ക് തോന്നിയുള്ളൂ.
പിന്നീട്  പലപ്പോഴായി ഞാൻ അവളെ കണ്ടു; അവൾ പറഞ്ഞ വില നൽകി. അവളുടെ കഥകൾ കേൾക്കാൻ,  അവളെ അറിയാൻ,  അവൾ പോലുമറിയാതെ അവളെ സംരക്ഷിക്കാൻ! ഞാൻ അവളെ പ്രണയിച്ചു തുടങ്ങി... കേട്ടവർ,  അറിഞ്ഞവർ തമ്മിൽ തമ്മിൽ പറഞ്ഞു "വേശ്യയെ പ്രണയിച്ചവൻ" കത്രീനയോടു എന്റെ മനസ്സ് തുറക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു. അവൾ എനിക്ക് നഷ്ടപ്പെട്ടാലോ എന്ന ഭയമായിരുന്നു എന്നുപറയുന്നതാവും ശെരി! പെട്ടെന്നൊരുനാൾ അവൾ എന്റെ അരികിൽ ഇല്ലാതെ വന്നപ്പോഴാണ് തുറന്നുപറയാൻ ഞാൻ കാട്ടിയ മടി ഒരു വിഡ്ഢിത്തമായിപ്പോയി എന്നെനിക്ക് മനസ്സിലായത്.  അവസാനമായി ഞാൻ അവളെ  കണ്ടപ്പോൾ,  അവൾ എനിക്ക് നൽകിയത് കണ്ണീരിൽ കുതിർന്ന ഒരു യാത്രാമൊഴിയാണ്. വിസ പുതുക്കി കിട്ടാത്തതിനാൽ തിരികെ പോകുകയാണ് എന്നവൾ പറയുമ്പോൾ,  എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഞാൻ പകച്ചുനിന്നു.  അവൾ ഒരു നിഴലായ് മറയുന്നതിന് എന്റെ മിഴിനീർ സാക്ഷിയായി!"

കാലിലെ കൊലുസ്സിന്റെ മുത്തുമണികളുമായി മല്പിടിത്തം നടത്തിക്കൊണ്ട് അവൾ പറഞ്ഞു "നിങ്ങളുടെ കഥ എനിക്ക് വേദന നൽകുന്നു...സഹതാപം തോന്നുകയാണ് എനിക്ക് നിങ്ങളോട്"

"സഹതാപം വേണ്ട,  പെണ്ണേ.  ജീവിതം ഇങ്ങനെയാണ്. ദൈവം എന്ന്  പറഞ്ഞ് എല്ലാവരും വിശ്വസിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾ ഒരു പക്ഷപാതിയാണെന്ന് ഞാൻ പറയും. ഇല്ലെങ്കിൽ നല്ലവരായ മനുഷ്യർ എന്തെ ഇങ്ങനെ വിഷമിക്കുന്നു?"

 നഷ്ടപ്രണയമോർത്തു ചങ്കുപൊട്ടി പാടിനടക്കാൻ ഒന്നും മേല്പറഞ്ഞ ആ മഹാൻ സമ്മതിച്ചില്ല,  കേട്ടോ? ഈ ലോകത്ത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ ഉപ്പക്ക് കാൻസർ ആയി എനിക്ക് അടുത്ത പണി തന്നു.  കീമോയുടെ വേദനയിൽ പുളയുന്ന എന്റെ ഉപ്പയെ സുസ്രൂഷിച്ചു കൊണ്ട് എന്റെ ജീവിതത്തിന്റെ ആറാം ഘട്ടം തുടങ്ങി. ദൈവം ഇല്ല എന്ന് എനിക്ക് മനസായിലാക്കിത്തന്ന ഒരു ഘട്ടം.  ക്യാൻസർ വാർഡിലെ ഓരോ മുഖങ്ങളും ഞാൻ ഇന്നും ഓർക്കുന്നു.  അവരുടെ വേദനയും, കണ്ണീരും,  ഭയവും കാണാത്ത ഒരു ഈശ്വരനെയും ഞാൻ  മാനിക്കുന്നില്ല! ഈ ലോകത്ത് നല്ല മനുഷ്യർ ഉണ്ട്,  അത് പോലെ തന്നെ കെട്ട മനുഷ്യരും.... അത്ര തന്നെ! ഉപ്പയുടെ കബറിൽ ഒരുപിടി മണ്ണ് വാരി വിതറിയപ്പോൾ മനസ്സിൽ ആകെ ഉണ്ടായിരുന്നത് പൂർത്തീകരിക്കാനാവാതെ പോയ ഒരു വാക്കാണ്; ഉപ്പാക്ക് ഞാൻ കൊടുത്ത വാക്ക് - എന്റെ  നിക്കാഹ്. പിന്നീടുള്ള എന്റെ ജീവിതം ഒരു ജീവിതപങ്കാളിയെ തിരക്കിയായിരുന്നു....'കത്രീന' എന്ന എന്റെ മറുപാതിയെ തിരക്കി....!

"പിന്നെ എന്തുണ്ടായി ? അവളെ കണ്ടുകിട്ടിയോ? " അണഞ്ഞു തീരാറായ വിറക് കഷ്ണങ്ങൾ കുത്തിഇളക്കി കൗതുകത്തോടെ അവൾ ചോദിച്ചു

പുകച്ചുകയറ്റാൻ ചുരുട്ടിവച്ചിരുന്ന അടുത്ത 'പ്രകൃതി' കത്തിച്ചുകൊണ്ടു അയാൾ തുടർന്നു...

"കത്രീനയെ തേടി ഞാൻ പോകാത്ത രാജ്യങ്ങളിൽ ഇല്ല. പക്ഷേ,  എത്ര അലഞ്ഞിട്ടും  എനിക്ക് അവളെ കണ്ടെത്താനായില്ല. 'നിസ്വാർഥമായ ഏതാഗ്രഹവും ഈ ഉലകം നമ്മൾക്ക് സാധിച്ചുതരും' എന്ന് വാസുവേട്ടൻ പറയുമായിരുന്നു. അത് കൊണ്ട് തന്നെ,  ഞാൻ ക്ഷീണിച്ചില്ല. ഒരിക്കൽ അവളെ കണ്ടെത്തും എന്നുറച്ചു വിശ്വസിച്ചു. എന്റെ വിശ്വാസം എന്നെ രക്ഷിക്കുകയും ചെയ്തു. കോച്ചുന്ന തണുപ്പുള്ള ഒരു ശൈത്യകാല സായാഹ്നത്തിൽ സ്കോട്ലൻഡിലെ ഏതോ ഒരു തെരുവിൽ ഞാൻ അവളെ കണ്ടുമുട്ടി. എന്നാൽ അന്ന് ഞാൻ കണ്ട കത്രീന ഞാൻ പ്രണയിച്ച കത്രീന ആയിരുന്നില്ല. എല്ലും തോലുമായി, ക്ഷീച്ചവശയായ ഒരു രൂപം. മനസ്സിലെ ആഗ്രഹം ഒട്ടും അമാന്തിക്കാതെ ഞാൻ അവളെ അറിയിച്ചു. ഈറനണിഞ്ഞ ആ നീലക്കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു "I cannot be with you anymore. I sacrifised myself to raise my family and my sin has earned me AIDS. I am dying and you are asking me to live with you?" ഈ ലോകത്തിലെ ഒരസുഖത്തിനും അവളെ വിട്ടു കൊടുക്കില്ല എന്ന് അവളോട്‌ പറഞ്ഞപ്പോൾ അവൾ ഞാൻ ഒരു ഭ്രാന്തനാണെന്ന് പറഞ്ഞു. അവളെ മറക്കണം എന്നാവശ്യപ്പെട്ടു. മരണത്തോട് മല്ലടിക്കുന്ന അവൾ എന്നോട് അവസാനമായി ഒരാഗ്രഹം സാധിച്ചു കൊടുക്കുവാൻ പറഞ്ഞു ; ഒരു വാക്ക്
"Promise me that you will live your life....a long happy life." അവളുടെ അധരങ്ങൾക്ക് ഒരു ചുംബനമായി, ഞാൻ ആ വാക്ക് നൽകി!ജീവിതത്തെ തന്നെ ഞാൻ വെറുത്തു, അവളില്ലാത്ത ഈ ഭൂമിയിൽ ഞാൻ വേണ്ട എന്ന് തീരുമാനിച്ചുറപ്പിച്ച ഏതോ ഒരു വേളയിൽ
എന്റെ ജീവിതം ഏഴാമത്തെ ഘട്ടത്തിലെത്തി -"ഗുണ്ടു"! ശുണ്ഠിപിടിപ്പിക്കാൻ അങ്ങനെ
വിളിക്കുമായിരുന്നെങ്കിലും അവളോട് എനിക്ക് സ്നേഹമാണ്! മരണത്തിൽ നിന്നും എന്നെ കൈപിടിച്ചുയർത്തി, എന്റെ താങ്ങായി, തണലായി, ഇന്നെന്റെ ഹൃദയതാളമായി എന്നെ നോക്കുന്ന എന്റെ ഗുണ്ടു! പ്രണയിക്കുകയാണ് ഞാനവളെ....വല്ലാതെ പ്രണയിക്കുകയാണ്!"

അയാൾ പറഞ്ഞു നിർത്തിയപ്പോൾ, മെടഞ്ഞു കൊണ്ടിരുന്ന കാർകൂന്തലിനെ തഴുകിക്കൊണ്ട്
അയാളുടെ കണ്ണുകളിൽ നോക്കി ക്കൊണ്ട്
അവൾ പറഞ്ഞു.... "അവിചാരിതമായി ഞാൻ അറിഞ്ഞ നിങ്ങളോട് എനിക്കിപ്പോൾ ആരാധനയാണ്. നിങ്ങൾ പോരാളിയാണ്...ഒരു യഥാർത്ഥ പോരാളി!"

ഇമവെടിയാതെ അവളുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു കൊണ്ട് അയാൾ ചോദിച്ചു
"നിന്റെ കണ്ണുകൾക്ക്‌ വല്ലാത്ത ഒരു തീക്ഷ്ണത ഉണ്ട്,  ഒരു പ്രതികാരദാഹിയാണ് നീ എന്നവ വിളിച്ചുപറയുന്നതുപോലെ.... ആരാണ് നീ ?"

അട്ടഹസിച്ചു കൊണ്ട് അവൾ പറഞ്ഞു

 "നിന്റെ കാല്പനികതയാണ് ഞാൻ; 'പ്രകൃതി' നിനക്ക് സമ്മാനിച്ച കവയിത്രി....! ഞാൻ  ജ്വാലാമുഖി, ഞാൻ വൈദേഹി! നിന്റെ കാവ്യഭാവന എനിക്ക് നൽകിയ ഓമനപ്പേരാണ് 'യക്ഷി!"

Comments

  1. ഒരിക്കൽ ഒറ്റപ്പെട്ടവളുടെ മുഖമണിഞ്ഞവൾ
    ഹൃദയം തുറക്കാൻ പുതുനാമം തേടിയവൾ
    സ്നേഹത്തെ പണം കൊണ്ടളക്കുന്ന സമൂഹത്തിൽ നിന്നും മുഖം മറച്ചവൾ
    കാലത്തിന്റെ വ്യതിയാനത്തിൽ കൂട്ടുകൂടാനും എന്നിലെ ദുഃഖങ്ങളെ മറച്ചു പിടിക്കാനും മറ്റൊരു നാമം സ്വീകച്ചു യക്ഷി . ഇടക്കെപ്പൊഴോ
    ആൽക്കൂട്ടത്തിൽ നിന്നും ഉൾവലിഞ്ഞവൾ
    പുതു പര്യായമായി ഒരു തിരിച്ചു വരവ് അതാണ്

    നന്നായിട്ടുണ്ട്

    ReplyDelete
  2. ആ പത്തുവയസുകാരൻ ഉള്ളിൽ ഇപ്പോഴും ഒരു നൊംബരമായി ഇടക്കെപ്പോഴോ ഓർമ്മകൾ ചികയുമ്പോൾ ആ ഇരുണ്ട കുടിലിൽ ആ പത്തുവയസു കാരന്റെ തേങൽ കേൾക്കാം വയനാട്ടിൽ തകർത്തു പെയ്യുന്ന കാതടിപ്പിക്കുന്ന മഴയുടെ ഓർമ്മകളിൽ

    ReplyDelete
  3. Absolutely no comments. I salute you...

    ReplyDelete
  4. As my artist’s statement explains, my work is utterly incomprehensible and is therefore full of deep significance.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

Post a Comment